ന്യൂഡൽഹി: കരസേന മുൻ മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിന്റെ അനധികൃത പതിപ്പുകൾ പ്രചരിച്ചതിൽ പുസ്തക പ്രസാധക കന്പനിയായ പെൻഗ്വിൻ ഇന്ത്യക്ക് നോട്ടീസയച്ച് ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ.
പുസ്തകത്തിന്റെ പിഡിഎഫ് ഫോർമാറ്റുകൾ ഓണ്‍ലൈനിൽ വ്യാപകമായി പ്രചരിച്ചതിൽ പോലീസ് കേസെടുത്തതിനു പിന്നാലെയാണ് പുസ്തകത്തിന്റെ പകർപ്പവകാശമുള്ള പെൻഗ്വിൻ ഇന്ത്യക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
പുസ്തകത്തിന്റെ സോഫ്റ്റ് കോപ്പികൾ ആരാണു പുറത്തുവിട്ടതെന്ന കാര്യത്തിലാണ് പെൻഗ്വിൻ ഇന്ത്യയുടെ പ്രതികരണം തേടിയത്.
ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഉയർത്തിക്കാട്ടിയ നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചതാണോ എന്നതിൽ തർക്കം മുറുകിയതിനിടയിലാണ് പുസ്തകത്തിന്റെ പകർപ്പവകാശമുള്ള കന്പനിക്ക് പോലീസ് നോട്ടീസ് അയയ്ക്കുന്നത്.